തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് നൂറു പുത്തൻ ബസ് നല്‍കാമെന്ന ഓഫറുമായി, ലാഭത്തില്‍ പ്രവർത്തിക്കുന്ന നൂറോളം സഹകരണ സ്ഥാപനങ്ങള്‍.
ചില സ്ഥാപനങ്ങള്‍ രണ്ട് ബസ് സ്പോണ്‍സർ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. കലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ കൈമാറിയതിനെ തുടർന്നാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചത്. ഗതാഗതമന്ത്രി സി.പി.ജോണിനോട് നേരിട്ടും അദ്ദേഹത്തിന്റെ ഓഫിസില്‍ വിളിച്ചുമാണ് ബസ് വാങ്ങാനുള്ള പണം നല്‍കാമെന്ന് അറിയിച്ചത്.
സഹകരണസംഘങ്ങള്‍ക്ക് പൊതുനന്മ ഫണ്ട് (സി.എസ്.ആർ.ഫണ്ട്) കെ.എസ്.ആർ.ടി.സിയെ പിന്തുണയ്ക്കാനായി വിനിയോഗിക്കാൻ അനുമതി നല്‍കുന്നത് പരിഗണനയിലാണ്. അനുകൂല ഉത്തരവ് ഉടനുണ്ടാകും. അഞ്ച് പൈസ ചെലവില്ലാതെ ബസുകള്‍ ലഭ്യമാക്കാൻ ജൂണിലാണ് ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിയത്.കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍ തുടങ്ങിയവരില്‍ നിന്നും ബസുകള്‍ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. സ്പോണ്‍സർക്ക് അവരുടെ പരസ്യം ബസിനകത്തും പുറത്തും പതിക്കാം. ബസ് ഡിസൈൻ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്പനികളുടെ താല്‍പര്യം കൂടി പരിഗണിക്കും. സ്പോണ്‍സർ പറയുന്ന റൂട്ടിന് മുൻഗണന നല്‍കും.
ആദ്യ ലക്ഷ്യം 2000 ബസ് നേട്ടം 800 കോടി
ആദ്യഘട്ടത്തില്‍ 2000 ബസുകള്‍ ഇത്തരം പദ്ധതികളിലൂടെ ലഭ്യമാക്കാനാണ് ഗതാഗതവകുപ്പിന്റെ ലക്ഷ്യം. അഞ്ച് വർഷത്തിനുളളില്‍ 5,000 ആക്കും. വ്യക്തികള്‍ക്ക് പ്രിയപ്പെട്ടവരുടെ സ്മരണയ്ക്കായും ബസ് ഉപയോഗിക്കാം. പ്രിയപ്പെട്ടവരുടെ പേരും ചിത്രവും ബസില്‍ പതിക്കാം. ബസ് വാങ്ങാനുളള പണം നല്‍കിയാല്‍ മതി. 36 ലക്ഷം മുതല്‍ 43 ലക്ഷം വരെയാണ് പുതിയ ഡീസല്‍ ബസിന്റെ വില. 40 ലക്ഷം കണക്കാക്കിയാല്‍ 2000 ബസിന് 8,00 കോടി വേണം.കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ വഴി പിന്തുടരാൻ മറ്റ് സഹകരണ പ്രസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും മുന്നോട്ടുവരണം
-സി.പി.ജോണ്‍,ഗതാഗതമന്ത്രി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







