മാനന്തവാടി: വന്യജീവി ആക്രമണം രൂക്ഷമായതോടെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. സുരക്ഷാ കാരണങ്ങളാലാണ് വനം വകുപ്പിൻ്റെ കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചത്. വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുറുവാദ്വീപ് ഉള്‍പ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളാണ് അടച്ചിട്ടത്.
ഫെബ്രുവരി 16ന് രാവിലെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക വാച്ചറായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്ത് വച്ച് കാട്ടാന ആക്രമിക്കുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരണം സംഭവിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസങ്ങള്‍ക്ക് മുമ്ബ് അജീഷ് എന്നയാളെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന എന്ന മോഴയാനയെ മയക്കുവെടി വെക്കാനായി ഇരുന്നൂറോളംപേർ വരുന്ന വനം വകുപ്പ് ദൗത്യസംഘം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലയില്‍ വനത്തില്‍ കയറിയപ്പോഴാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കുറുവാ ദ്വീപില്‍ പോളിനെ കാട്ടാന ആക്രമിച്ചത്.
ബേലൂർ മഖ്ന എന്ന ആക്രമണകാരിയായ ആന സമീപത്ത് ഉള്ളതിനാല്‍, കുറുവാ ദ്വീപിലേക്ക് വരുന്ന സഞ്ചാരികളെ മടക്കി അയയ്ക്കാൻ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയില്‍ നില്‍ക്കുകയായിരുന്നു പോള്‍. അതിനിടെയാണ് കുട്ടിയാന ഉള്‍പ്പടെ അഞ്ച് ആനകള്‍ക്ക് അവിടേക്ക് വന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ആന പോളിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം വനത്തിലേക്ക് മടങ്ങുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










