അരൂർ: ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് മരിച്ചത്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്.
2011-ലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതൽ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്. പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ വഴക്കുകൾ പറഞ്ഞുതീർത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അരൂർ സി.ഐ. പി.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഇതേത്തുടർന്നാണ് ഇവർ തൂങ്ങിമരിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








