തിരുവനന്തപുരം: ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ ശുദ്ധീകരിച്ചപ്പോൾ 9.25 ലക്ഷംപേർ പുറത്തായി. അനർഹരെ ഒഴിവാക്കാൻ സർക്കാർ നടത്തിയ മസ്റ്ററിങ്ങിനൊടുവിലാണ് നിലവിലെ പട്ടികയിൽ ആറിലൊരാൾ ആനുകൂല്യത്തിനർഹരല്ലെന്ന് കണ്ടെത്തിയത്. മാസം 1600 രൂപയാണ് പെൻഷൻ.
ഏപ്രിലിൽ മസ്റ്ററിങ് തുടങ്ങുമ്പോൾ 59.29 ലക്ഷം ഗുണഭോക്താക്കളുണ്ടായിരുന്നു. ഓഗസ്റ്റ് 31-നു പൂർത്തിയായപ്പോൾ ഇത് 50.03 ലക്ഷമായി. ഒഴിവായവരിൽ മരണമടഞ്ഞവർമാത്രം ഒരു ലക്ഷത്തിലേറെ വരുമെന്നാണ് ധനവകുപ്പിന്റെ കണക്ക് . സ്ഥലത്തില്ലാത്തതിനാലോ മാനദണ്ഡങ്ങളിൽപ്പെടാത്തതിനാലോ മസ്റ്ററിങ് നടത്താത്തവരാണ് ബാക്കിയുള്ളവർ എന്നാണ് കണക്കുകൂട്ടൽ. പെൻഷൻ വിതരണംചെയ്യുന്ന സഹകരണബാങ്കുകളിൽനിന്ന് വാങ്ങാതെ സർക്കാരിലേക്ക് തിരിച്ചെത്തിയ പണത്തിന്റെ കണക്കനുസരിച്ചാണ് ഈ വിലയിരുത്തൽ.
മാർച്ചിൽ 25,075 പേരുടെയും ഏപ്രിലിൽ 28,000 പേരുടെയും പെൻഷൻ ഇങ്ങനെ തിരിച്ചെത്തി. പരിശോധനയിൽ ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ഇതും മറ്റു ബാങ്കുകളിൽ വിതരണംചെയ്യപ്പെടാതെ കിടക്കുന്ന തുകയുമൊക്കെ കണക്കാക്കിയാൽ ഒരു ലക്ഷത്തിലേറെപേർ മരിച്ചിട്ടുണ്ടാവാമെന്നാണ് അനുമാനം. നാലുമാസത്തെ മസ്റ്ററിങ് പൂർത്തിയായെങ്കിലും ഇനിയാർക്കെങ്കിലും ചെയ്യാനുണ്ടെങ്കിൽ എല്ലാ മാസവും 20 വരെ സമയം അനുവദിക്കുമെന്ന് ധനവകുപ്പ് അധികൃതർ പറഞ്ഞു. നിശ്ചിതസമയപരിധിക്കുള്ളിൽ മസ്റ്ററിങ് നടത്താത്തതിനാൽ ഇനി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടാലും അവർക്ക് കുടിശ്ശിക ലഭിക്കില്ല. ഇനി എല്ലാ വർഷവും മസ്റ്ററിങ് നടത്താനാണ് സർക്കാർ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








