മൂവാറ്റുപുഴ: നിർമല കോളേജ് വിദ്യാർഥിനി നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയി വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരിൽ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ് കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. കോളേജിനു മുന്നിൽ ബൈക്കിരപ്പിച്ച ഇയാളും വിദ്യാർഥികളുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ പിന്നീട് അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെയടക്കം ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട് . അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് ഇത് വിദ്യാർഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമായി
മുന്നൂറോളം വിദ്യാർഥികൾ അവിടെ തടിച്ചുകൂടി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേർന്ന് ഇവരെ നിയന്ത്രിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ വേറെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആൻസൺ മനപ്പൂർവം അപകടം ഉണ്ടാക്കിയതാണെന്നും ഇയാളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് രോഷാകുലരായ വിദ്യാർഥികൾ തടിച്ചുകൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








