വാഷിംഗ്ടൺ: നാസയുടെ റോക്കറ്റ് ‘സ്പേസ് ലോഞ്ച് സിസ്റ്റം’ (എസ്എൽഎസ്) 29ന് വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കെന്നഡി സ്പേസ് സെന്ററിൽ നിന്ന് യാത്രക്കാരില്ലാതെ റോക്കറ്റ് കുതിക്കും. തുടര്‍ യാത്രകളില്‍ മനുഷ്യരും യാത്രയാകും. മനുഷ്യനെ വഹിച്ച് 2024ല്‍ ആര്‍ടെമിസ് 2 യാത്രയാകുമെന്നും അടുത്തഘട്ടത്തില്‍ വനിതകള്‍ കൂടി യാത്രികരായുണ്ടാകുമെന്നും നാസ അറിയിച്ചു.
ആഗസ്റ്റ് 29ന് വിക്ഷേപിക്കാനായില്ലെങ്കില്‍ സെപ്റ്റംബര്‍ രണ്ടിനോ അഞ്ചിനോ ആകും പുറപ്പെടുക. ചന്ദ്രനിലിറങ്ങുന്ന പേടകം തിരിച്ച് കാലിഫോര്‍ണിയയില്‍നിന്ന് മാറി പസഫിക് സമുദ്രത്തിലാകും ഇറക്കുക. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കൂടി സഹകരണത്തോടെയാണ് ദൗത്യം.
മനുഷ്യന് അവസാനമായി ചന്ദ്രനിലെത്തിട്ട് അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാകാനിരിക്കെയാണ് നാസയുടെ പുതിയ ദൗത്യം. 1972ല്‍ മനുഷ്യനെയും വഹിച്ച് യാത്ര നടത്തിയ അപ്പോളോ 17ന്റെ 50ാം വാര്‍ഷികം ഡിസംബറില്‍ ആഘോഷിക്കാനിരിക്കുകയാണ്. ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ 2030ലോ തൊട്ടുടനോ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനാകുമെന്ന് നാസ കണക്കുകൂട്ടുന്നു.
അപ്പോളോയെ അയച്ച സാറ്റേണ്‍ 5 റോക്കറ്റുകളേക്കാള്‍ അധിക ശേഷിയുള്ളതാണ് എസ്.എല്‍.എസ്. യാത്രികരെ വഹിക്കാനുള്ള ഓറിയോണ്‍ വാഹനവും കൂടുതല്‍ വിശാലതയുള്ളതാണ്.എസ്.എല്‍.എസിനു സമാനമായി അമേരിക്കന്‍ സംരംഭകനായ ഇലോണ്‍ മസ്ക് ‘സ്റ്റാര്‍ഷിപ്’ എന്ന പേരില്‍ സ്വന്തമായി റോക്കറ്റ് നിര്‍മിക്കുന്നുണ്ട്. ഇവ കൂടി നാസ ദൗത്യങ്ങളില്‍ പങ്കാളിയാകും. ഓരോ ചാന്ദ്രദൗത്യത്തിനും 400 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







