തിരുവമ്പാടി: പ്രകൃതി ദുരന്ത ഭീഷണിയുള്ള കുടരഞ്ഞി വില്ലേജിലെ കരിങ്കൽ ഖനനം നിയന്ത്രിക്കാൻ 2018ലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ വില്ലേജ് ഓഫീസർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ പഠനറിപ്പോർട്ടിൽ നടപടിയില്ല. 2018 സെപ്തംബർ, 2019 ഓഗസ്റ്റ്, 2020 ഒക്ടോബർ എന്നീ മാസങ്ങളിലായി അന്നത്തെ കൂടരഞ്ഞി വില്ലേജ് ഓഫീസർ യു. രാമചന്ദ്രൻ മൂന്ന് റിപ്പോർട്ടുകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചത്.
ദുരന്ത നിവാരണ അതോറിറ്റി, സെന്റർ ഫോർ എർത്ത് സയൻസസ്, ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ പഠന ശേഷമേ കൂടരഞ്ഞി വില്ലേജില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കേണ്ടതുള്ളൂവെന്ന് റിപ്പോർട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. ഡിസ്ട്രിക്റ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ പ്രകാരം ഹൈ, മീഡിയ ദുരന്ത മേഖലയാണ് കൂടരഞ്ഞി വില്ലേജിന്റെ കിഴക്കൻ പ്രദേശങ്ങള്‍. കൂമ്ബാറ, ഉദയഗിരി, പുന്നക്കടവ് , പനക്കച്ചാല്‍ , ആനയോട് മല, കല്‍പ്പിനി, ആന കല്ലും പാറ, കക്കാടംപൊയില്‍, അകമ്ബുഴ, കരിമ്ബ്, മഞ്ഞ കടവ്, പെരുമ്ബൂള പൂവാറം തോട്, മേടപ്പാറ, നായാടം പൊയില്‍ പ്രദേശങ്ങള്‍ അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്ന് പഠന റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.
70 ഡിഗ്രി ചെരിവുള്ള മലകളാണ് കൂടരഞ്ഞിയിലെ കൂമ്ബാറ, കക്കാടംപൊയില്‍, പൂവാറം തോട് പ്രദേശങ്ങളിലുള്ളത്. കൂമ്ബാറ ജനസാന്ദ്രത കൂടിയ ജനവാസ മേഖലയാണ്. കുമ്ബാറയില്‍ മൂന്ന് കി.മീ ചുറ്റളവില്‍ അഞ്ച് കരിങ്കല്‍ ക്വാറികളിലാണ് ഖനനം നടക്കുന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡില്‍ ഉള്‍പ്പെടുന്ന കൂമ്ബാറ പുന്നക്കടവ്, ബദാം ചുവട്, ആനക്കല്ലുംപാറ പ്രദേശങ്ങളിലായാണ് അഞ്ച് ക്വാറികളുള്ളത്. ഏതാനും സെന്റ് സ്ഥലത്ത് ഖനനാനുമതി ലഭിച്ച ശേഷം ഏക്കർ കണക്കിന് സ്ഥലത്ത് ഖനനം തുടരുന്ന സാഹചര്യമാണുള്ളതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. കുമ്ബാറ പുന്നക്കടവിലെ ചില ക്വാറികള്‍ക്ക് വനാതിർത്തിയില്‍ നിന്ന് 100 മീറ്റർ അകലം പോലുമില്ലെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. 2018ലെ ഉരുള്‍പൊട്ടലിന് ശേഷമാണ് കക്കാടംപൊയില്‍ പിടികപാറയിലും കൂമ്ബാറ ബദാം ചുവടിലും കരിങ്കല്‍ ക്വാറിക്ക് അനുമതി ലഭിച്ചത്.
കൂടരഞ്ഞിയില്‍ കരിങ്കല്‍ ഖനനം നടന്ന സ്ഥലങ്ങളിലാണ് 2018ലും 2019ലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. കൂടരഞ്ഞി ടൗണില്‍ നിന്ന് നാല് കി.മി മാത്രം അകലെയുള്ള കല്‍പ്പിനി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകർന്ന് പിതാവും മകനും മരിച്ചിരുന്നു. 2018ല്‍ ചെറുതും വലുതുമായ 22ഓളം ഉരുള്‍പൊട്ടലുകളാണ് വില്ലേജിലെ വിവിധയിടങ്ങളിലായി നടന്നത്. 70 വീടുകള്‍ തകർന്നു. 1400 കുടുംബങ്ങളെ ആറ് ദുരിതാശ്വാസ ക്യാമ്ബുകളിലായി പാർപ്പിച്ചു.
വ്യാപക കൃഷി നാശവുമുണ്ടായി. കൂമ്ബാറ അങ്ങാടിക്ക് മുകള്‍ ഭാഗത്തെ മലയില്‍നിന്ന് ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മലവെള്ളം കൂമ്ബാറ ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിനും നാശം വിതച്ചിരുന്നു. 2018 ജൂണില്‍ പി.വി. അൻവർ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നാച്വറോ പാർക്കിലും വൻ മണ്ണിടിച്ചിലുണ്ടായിരുന്നു. തുടർന്ന് അടച്ച് പൂട്ടിയ പാർക്കിലെ കുട്ടികളുടെ പാർക്ക് മാത്രം കഴിഞ്ഞ വർഷം ഹൈകോടതി അനുമതിയിലാണ് തുറന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









