ദോഹ: ലോകകപ്പ് പോരാട്ടങ്ങൾ ആവേശമായി സെമിയിലേക്ക് മാറിയതോടെ പന്തും മാറി. ഇതുവരെ ഉപയോഗിച്ചിരുന്ന ‘റിഹ്‌ല’ക്ക് പകരം ‘അൽ ഹില്‍മ്’ ആണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഔദ്യോഗിക പന്തായി ഉപയോഗിക്കുക.
അറബിയിൽ സ്വപ്നം എന്ന അര്‍ഥത്തിലാണ് ‘അല്‍ ഹില്‍മ്’ എന്നു വിളിക്കുന്നത്. കൂടാതെ ഒരു സവിശേഷ ഗ്രാഫിക് ഡിസൈൻ ഇതിൽ അഡിഡാസ് അവതരിപ്പിക്കുന്നുണ്ട്. ദോഹ നഗരത്തെ ചുറ്റിപ്പറ്റിയുള്ള മേഖലയിലെ മരുഭൂമികൾ, ഫിഫ ലോകകപ്പ് ട്രോഫിയുടെ നിറം, ഖത്തർ പതാകയുടെ പാറ്റേൺ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂക്ഷ്മമായ ത്രികോണ പാറ്റേൺ ഉൾക്കൊള്ളുന്ന ടെക്സ്ചർഡ് ഗോൾഡ് ബേസ് കളറിലാണ് ഇത് ഡിസൈൻ സജ്ജീകരിച്ചിരിക്കുന്നത്.
സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ‘കണക്ടഡ് ബാള്‍’ എന്ന ആശയത്തിലാണ് അഡിഡാസ് പുതിയ പന്തിനെ അവതരിപ്പിക്കുന്നത്.
ഗ്രൂപ്പ് റൗണ്ട്, പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഇതുവരെ പൂർത്തിയായ 56 മത്സരങ്ങളിലും ‘യാത്ര’ എന്നർഥമുള്ള ‘അൽ റിഹ്‌ല’ പന്താണ് ഉപയോഗിച്ചത്. പന്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന IMU സെൻസർ വഴി വീഡിയോ മാച്ച് ഒഫീഷ്യൽസിന് ഡാറ്റ കൈമാറുകയും ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഈ ലോകകപ്പിൽ ഉപയോഗിച്ചിരിക്കുന്നത്.
അൽ റിഹ്‌ലയിൽ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക സംവിധാനങ്ങളും ‘അൽ ഹില്‍മ്’ പന്തിൽ ഉണ്ടായിരിക്കുമെന്ന് ഫിഫ ഫുട്ബോൾ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ഡയറക്ടർ ജോഹന്നസ് ഹോസ് മ്യൂളര്‍ പറഞ്ഞു. അൽ റിഹ്‌ലയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകൾ ഒന്നുതന്നെയാണെങ്കിലും, ‘അൽ ഹിൽമിന്റെ’ നിറത്തിലും രൂപകല്പനയിലും നേരിയ മാറ്റമുണ്ട്. മരുഭൂമിയും ലോകകപ്പ് ട്രോഫിയുമെല്ലാം പന്തിന്റെ പുതിയ മാറ്റത്തില്‍ പ്രചോദനമായി വരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







