തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നും നാളെയും . മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിച്ച് വിതരണം നടത്തും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മിൽമയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാന പ്രശ്നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഭാഗികമായെങ്കിലും കഴിഞ്ഞ ദിവസം കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്.
അതേ സമയം, ഓണക്കിറ്റ് ഇത്തവണ എല്ലാവര്‍ക്കും ഇല്ല. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 32 കോടി രൂപ സപ്ലെയ്കോക്ക് മുൻകൂറായി നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയാണ്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








