ഉന്തിയ പല്ലുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് പിഎസ്സി വൃത്തങ്ങൾ അറിയിച്ചു. നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണോ എന്നത് സർക്കാര് വിവിധ വകുപ്പുകളുമായി ആലോചിച്ച് എടുക്കുന്ന നയപരമായ തീരുമാനമാണ്. ചട്ടങ്ങളിൽ ഭേദഗതി വരുത്താന് തീരുമാനിച്ചാൽ പിഎസ്സിയുമായും കൂടിയാലോചിക്കും. പിഎസ്സി യോഗം ചേർന്ന് സർക്കാരിനെ നിലപാട് അറിയിക്കും. അതു സ്വീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചന അധികാരമാണ്.
ആദിവാസികൾക്കു മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിച്ച മുത്തു എന്ന ഉദ്യോഗാർഥി ഉന്തിയ പല്ലുള്ളതിനാൽ അയോഗ്യനായെന്ന് വന്നിരുന്നു . യൂണിഫോം തസ്തികളിൽ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥിയുടെ യോഗ്യത നിശ്ചയിക്കുന്നത്. നിയമന ചട്ടങ്ങളിൽ നിഷ്കർഷിക്കുന്ന വിധം വേണം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ. യൂണിഫോം തസ്തികകളിൽ പറയുന്ന ശാരീരിക യോഗ്യതകൾ ഓരോ കണ്ണിനും പൂർണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കളർ ബ്ലൈൻഡ്നസ് അടക്കമുള്ള വൈകല്യങ്ങൾ അയോഗ്യതയായി കണക്കാക്കും. മുട്ടു തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരശേഷിയിലുമുള്ള കുറവുകളും അയോഗ്യതയാണ്. ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുള്ള കാഴ്ച ശക്തിയും തെളിയിക്കുന്നതിന് സർക്കാർ സർവീസിലുള്ള അസി.സർജൻ അല്ലെങ്കിൽ ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സൽ കായിക ക്ഷമതാ പരീക്ഷയുടെ സമയത്ത് ഹാജരാക്കണം. വർഷങ്ങളായി ഈ നിയമമാണ് നിലനിൽക്കുന്നത്. ഉന്തിയ പല്ലുകൾ എന്ന് മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാൽ അയോഗ്യനാക്കാതെ പിഎസ്സിക്കു മറ്റു വഴികളില്ല. ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കായികക്ഷമതാ ബോർഡാണ് പരിശോധന നടത്തുന്നത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ജോലിയിൽ കയറുന്നതിനു മുൻപ് വകുപ്പ് വീണ്ടും മെഡിക്കൽ പരിശോധന നടത്തും. ഈ ഘട്ടത്തിലും അയോഗ്യനാകാം. പിഎസ്സി നിയമന ശുപാർശ കൊടുത്താലും വകുപ്പിന്റെ മെഡിക്കൽ പരിശോധനയും കഴിഞ്ഞാലേ പരിശീലനത്തിനു വിളിക്കൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









