പാട്ന: ബീഹാർ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്നുവരാൻ ഒരുങ്ങുന്ന ബിജെപിയെ സഹായിക്കാൻ ബീഹാറിലെ നിർണായക സീമാഞ്ചൽ മേഖലയിലെ അസദുദ്ദീൻ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ വോട്ടുകൾ സഹായിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാവായ ആദിർ രഞ്ജൻ ചോധരി, ഒവൈസിയെ ഒരു വോട്ട് കട്ടർ എന്നാണ് വിശേഷിപ്പിച്ചത്, മതേതര പാർട്ടികൾ അദ്ദേഹത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“ബീഹാർ തെരഞ്ഞെടുപ്പിൽ (അസദുദ്ദീൻ) ഒവൈസി സാഹബിന്റെ പാർട്ടി ഉപയോഗിക്കുന്നതിനുള്ള ബിജെപിയുടെ തന്ത്രം ഒരു പരിധിവരെ വിജയിച്ചു. വോട്ട് കട്ടർ ഒവൈസി സാഹബിനെക്കുറിച്ച് എല്ലാ മതേതര പാർട്ടികളും ജാഗ്രത പാലിക്കണം” അദ്ദേഹം മാധ്യമങ്ങൾക്കു മുമ്പിൽ പറഞ്ഞു.
മുസ്ലീം ജനസംഖ്യ കൂടുതലുള്ള മേഖലയിൽ 14 സ്ഥാനാർത്ഥികളെ ഒവൈസിയുടെ പാർട്ടി നിർത്തിയിരുന്നു. ജെഡിയുവിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) മേഖലയിലെ നിരവധി സീറ്റുകളിൽ മുന്നിലാണ്. തെരഞ്ഞെടുപ്പ് വിജയിക്കുമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകളെ തകർക്കുന്ന മേഖലയിലെ ചില സീറ്റുകളിലും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിം മുന്നിലാണ്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ അഞ്ചര മണിക്കൂർ പിന്നിടുമ്പോള്‍ കേവല ഭുരിപക്ഷത്തിനും മുകളിലുള്ള സീറ്റുകളിലാണ് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) മുന്നേറുന്നത്. 128 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നേറുന്നത്. ആർജെഡിയും കോണ്‍ഗ്രസും ഇടതുപാർട്ടികളും അടങ്ങുന്ന മഹാസഖ്യത്തിനാവട്ടെ 105 സീറ്റുകളിലാണ് നിലവില്‍ ലീഡ് ചെയ്യാന്‍ സാധിക്കുന്നത്. 12 ഇടത്ത് അസദുദ്ധീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിം, രാംവിലാസ് പാസ്വാന്‍റെ എല്‍ജെപി എന്നിവരും മുന്നിട്ട് നില്‍ക്കുന്നു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസാണ് ഏറ്റവും ദയനീയമായ പ്രകടനം നടത്തുന്നത്.
മഹാസഖ്യത്തിന്‍റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ വലിയൊരു തിരിച്ചു വരവായിരുന്നു ബിഹാറില്‍ പ്രതീക്ഷിച്ചത്. 50 സീറ്റുകളില്‍ വരെ വിജയം നേടുമെന്നായിരുന്നു ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുർജേവാല അവകാശപ്പെട്ടത്. എന്നാല്‍ നിലവില്‍ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം.
മുസ്ലിം വോട്ടുകളില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസിന് 70 ലേറെ സീറ്റുകള്‍ ആർജെഡി നല്‍കിയത്. എന്നാല്‍ മുസ്ലിം സ്വാധീന കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വലിയ ചലനം ഉണ്ടാക്കാന്‍ കഴിയാതെ പോവുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതാവട്ടെ മഹാസഖ്യത്തിന്‍റെ ആകെയുള്ള സീറ്റി് നിലയിലും പ്രതിഫലിക്കുന്നു.
കോണ്‍ഗ്രസ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന സീറ്റുകളില്‍ അസദുദ്ധീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിം മികച്ച പ്രകടനം കാഴ്ചവെച്ചതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിം സ്ഥാനാർത്ഥികളായ അക്തറുൽ ഇമാൻ അമൂർ, മുഹമ്മദ് ഇസ്ഹാർ അസ്ഫി, മുഹമ്മദ് അൻസാർ നയീമി എന്നിവരാണ് യഥാക്രമം കൊച്ചാദാമൻ, ബഹദൂർഗഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മുന്നിട്ട് നില്‍ക്കുന്നത്.
ഈ സീറ്റുകളിലെല്ലാം മഹാസഖ്യത്തിന്‍റെ സ്ഥാനാർത്ഥികള്‍ കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നു മറ്റ് ചില മണ്ഡലങ്ങളില്‍ മഹസഖ്യത്തിന് വോട്ട് ചോർച്ചയുണ്ടാക്കാനും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിംന് സാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാർത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. 2015 ല്‍ ഒരു സീറ്റില്‍ വിജയിക്കാന്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിംന് സാധിച്ചിരുന്നു. നേരത്തെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ചോർത്താന്‍ ഓവൈസിക്ക് സാധിച്ചിരുന്നു.
ബിഹാറില്‍ മഹാസഖ്യത്തിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു പ്രചാരണ വേളയില്‍ അസദുദ്ധീന്‍ ഒവൈസി നടത്തിയത്. 5ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ആര്‍ജെഡി കൂട്ടുകെട്ടായിരുന്നെങ്കില്‍ ഇന്ന് ജെഡിയു ബജെപിയോടൊപ്പം ചേര്‍ന്നാണ് മത്സരിക്കുന്നത് . കോണ്‍ഗ്രസും ആര്‍ജെഡിയും ഇതിനു ഉത്തരവാദികളാണ്. വിശാല സഖ്യത്തിന്റെ പേരു പറഞ്ഞു അവര്‍ വീണ്ടും നിങ്ങളെ കബളിപ്പിക്കുകയാണെന്നായിരുന്നു ഒവൈസി ആരോപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









