റിയാദ്: ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെയാണ് സൗദി ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍ രാജ്യവുമായുള്ള തര്‍ക്ക പരിഹാരത്തിന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ മികച്ച ബന്ധം സ്ഥാപിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തിയപ്പോള്‍ റിയാദ് വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് കടന്നിരുന്നു.
ഈ ഘട്ടത്തില്‍ സൗദിക്ക് അനുകൂല നിലപാടാണ് യു.എസ് സ്വീകരിച്ചിരുന്നത്. ജമാല്‍ കഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകള്‍ സൗദിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയായിരിക്കും ബൈഡന്‍ റിയാദുമായുള്ള ബന്ധം നിലനിര്‍ത്തുക എന്നത് ചര്‍ച്ചയായിരുന്നു.
തീരുമാനത്തിന് പിന്നാലെ ഇത് ബൈഡനുള്ള സമ്മാനമാണെന്നാണ് സൗദിയും യു.എ.ഇയുടെയും ഉപദേശകര്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിന് ശേഷം സൗദി രാജകുമാരന്‍ ഖത്തറുമായുള്ള നയതന്ത്ര സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയത്. സൗദി അറേബ്യക്ക് പുറമെ യു.എ.ഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. കര, നാവിക, വ്യോമ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തര്‍ ആദ്യം വന്‍ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. പിന്നീട് പതിയെ പ്രതിസന്ധികള്‍ മറികടന്നു. പഴയ പ്രതാപം തിരിച്ചുപിടിക്കുകയും ചെയ്തു. തുര്‍ക്കി, ഇറാന്‍, യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് ഖത്തര്‍ കുതിച്ചുകയറിയത്.
പ്രശ്നപരിഹാരത്തിന് യു.എസിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഇളവു നല്‍കാന്‍ ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. തര്‍ക്കം ഇറാനെതിരെ സൃഷ്ടിച്ച അറബ് സഖ്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക അമേരിക്ക പങ്കുവെച്ചിരുന്നു. തര്‍ക്കത്തില്‍ നിന്നും ടെഹ്റാന്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു അമേരിക്കയുടെ ആശങ്ക.
2017 മെയ് 20നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തുന്നത്. സൗദിയോടും, യു.എ.ഇയോടും ഖത്തറിന്റെ വിമാന സര്‍വ്വീസുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









