കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നു. മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി സ്കൂള്‍ കാണണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു.
കുട്ടികള്‍ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികള്‍ ദുരന്തത്തിന്റെ ഭാഗമായി എന്നും എത്ര പേർക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി. എഡിജിപി എംആർ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചു നല്‍കിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും മോദിക്കൊപ്പമുണ്ടായിരുന്നു. ബെയിലി പാലത്തില്‍ എത്തുന്ന മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തും. ഏറെ ദൂരം നടന്നാണ് മോദി ദുരന്തഭൂമിയിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










