ദില്ലി: രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങൾക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും ഇനി ഓൺലൈൻ പ്ലാറ്റ്‍ഫോമുകൾക്ക് കൂടി ബാധകമാകും. നിലവിൽ രാജ്യത്ത് ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് രജിസ്ട്രേഷൻ ആവശ്യമായിരുന്നില്ല. ഇനി രജിസിട്രേഷൻ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ
ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങൾക്കായി കൊണ്ട് വരുന്നതെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല. നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്. ഓൺലൈൻ വാർത്താ പോർട്ടലുകളും മറ്റും ആരംഭിക്കാൻ നിലവിൽ കാര്യമായ നിയമ നടപടികളൊന്നും പൂർത്തിയാക്കേണ്ടതായിട്ടില്ല. ഇതിന് മാറ്റം വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









