കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറുകയും മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു സന്തോഷിന്റെ പ്രതികരണം.തെളിവെടുപ്പിനായി കുറവന്‍കോണത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സന്തോഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഒത്തിരി പറയാനുണ്ട്. ഞാന്‍ അല്ല ഇതൊന്നും ചെയ്തിട്ടുള്ളത്. എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പലതും സമ്മതിപ്പിച്ചു. ഒത്തിരി തെളിവുകള്‍ എന്റെ പേരിലാക്കുന്നുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല’- സന്തോഷ് പറഞ്ഞു. എന്നാല്‍, പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായത്. പ്രഭാത സവാരിക്കെത്തിയ ഡോക്ടറെ ആക്രമിച്ച ശേഷം പ്രതി മ്യൂസിയം വളപ്പിലെ മതില്‍ ചാടിക്കടന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി കുറവന്‍കോണത്തെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറിയ സംഭവവും വാര്‍ത്തയായത്. കുറവന്‍കോണത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ രണ്ടും ഒരാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








