മലപ്പുറം : ജനങ്ങളെ ഭീതിയിലാക്കി മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയുടെ സാന്നിധ്യം. രണ്ടുമാസം മുൻപും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇതും കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.
പുഴയുടെ തീരത്ത് കാൽപ്പാടുകൾ കണ്ടതായ വിവരങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് വനപാലകർ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധനകൾ തുടർന്നു. വിശദ പരിശോധനയും സ്ഥലത്ത് നിരീക്ഷണങ്ങളും നടത്തി. വനപ്രദേശങ്ങളിലും തോട്ടം മേഖലയിലും ജനവാസ മേഖലയിലും പരിശോധന നടന്നു. എടക്കോടു വനമേഖലയിൽ നിന്നാണ് കടുവയെത്തിയതെന്ന് വനപാലകർ പറഞ്ഞു. ചാലിയാർ പുഴ മുറിച്ചുകടന്നാണ് കടുവ താളിപ്പൊയിൽ ഭാഗത്തെ ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തെത്തിയത്.
കാൽപ്പാടുകൾക്ക് നെടുകയും കുറുകെയും 12 മുതൽ 15 സെൻറീമീറ്റർ വരെ നീളമുണ്ട്. പുഴ മുറിച്ചു കടന്ന് താളിപ്പൊയിൽ ഭാഗത്തെത്തിയ ഇത് തിരികെ വനമേഖലയിലേക്കു തന്നെ പ്രവേശിച്ചെന്നാണ് വനപാലകർ വിലയിരുത്തുന്നത്. വന്യജീവികളെ വേട്ടയാടിയതിന്റെയോ ജനവാസമേഖലയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചതിന്റെയോ ലക്ഷണങ്ങളൊന്നുമില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








