ഉത്തരാഖണ്ഡ് പ്രളയത്തില്‍ ചമോലി ജില്ലയിൽ 203 പേരെ കണാനില്ലെന്നും 35 ഓളം പേര് ഇപ്പോഴും ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ ടണലില്‍ കുടുങ്ങി കിടക്കുന്നതായും മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് പറഞ്ഞു.
ഇവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), നാഷണൽ ഡിസാസ്റ്റർ റെസ്പോൻഡ്സ് ഫോഴ്സ് (എൻഡിആർഎഫ്), ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) ഉദ്യോഗസ്ഥർ, ഇന്ത്യൻ ആർമി അടക്കമുള്ളവർ.
തിങ്കളാഴ്ച രാവിലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഋഷിഗംഗ, ദൗലി ഗംഗ എന്നീ രണ്ട് അണക്കെട്ടുകൾ തകർന്നു.
ഇന്നലെ രാവിലെയോടെയായിരുന്നു അപ്രതീക്ഷിതമായി ഉത്തരാഖണ്ഡിലെ ചമോലി ജില്ലിയിലെ റെനി ഗ്രാമത്തിലെ തപോവൻ അണക്കെട്ടിന് സമീപത്ത് മഞ്ഞുമലയിടിഞ്ഞ് മിന്നല്‍ പ്രളയമുണ്ടായത്. ഭൂമിശാസ്ത്ര പ്രത്യേകതകളാല്‍ പ്രളയജലം നിമിഷനേരം കൊണ്ട് കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. സഞ്ചാര വഴിയിലുണ്ടായിരുന്നതിനെയെല്ലാം തുടച്ച് നീക്കി നീങ്ങിയ പ്രളയത്തില്‍ 14 മൃതദേഹങ്ങളാണ് ഇതുവരെയായും കണ്ടെത്തിയത്. എന്നാല്‍ മരണ സംഖ്യ ഇനിയും ഏറെ ഉയരാനാണ് സാധ്യത.
സയൻസ് അഡ്വാൻസസ് ജേണലിൽ 2019ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കാലാവസ്ഥാ വ്യതിയാനം കാരണം ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ ഇരട്ടി വേഗത്തിൽ ഉരുകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഉപഗ്രഹ നിരീക്ഷണങ്ങൾ വഴി നടത്തിയ പഠനം വിരൽചൂണ്ടുന്നത് കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകിത്തീരുന്നതായാണ്. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലായി 40 വർഷം കൊണ്ട് എടുത്ത ചിത്രങ്ങളും വിവരങ്ങളുമാണ് പഠനത്തിനായി ഉപയോഗിച്ചത്. 2000 മുതൽ ഓരോ വർഷവും മഞ്ഞുപാളികൾക്ക് നല്ലരീതിയിൽ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് പറയുന്നത്. 1975 മുതൽ 2000 വരെ നടന്ന ദ്രവണാങ്കത്തിന്റെ ഇരട്ടിയാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









