കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ മസര്‍ ഇ ഷെരീഫില്‍നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം നാട്ടിലേയ്ക്ക് മടങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണ് തങ്ങള്‍ നീങ്ങുന്നതെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രദേശത്ത് ഏതെങ്കിലും ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെങ്കില്‍ ഇന്നു വൈകീട്ട് പുറപ്പെടുന്ന പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു മടങ്ങണമെന്നാണ് മസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒഴിപ്പിക്കുകയും ചെയ്തു.
രേഖകള്‍ പ്രകാരം 1500 ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പേരും പാസ്‌പോര്‍ട് നമ്പറും അറിയിക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് 50-ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ പിന്‍വലിച്ചിരുന്നു.
അതേസമയം, നാലു ഭാഗത്തുനിന്നും നഗരം ആക്രമിക്കുകയാണെന്നു താലിബാന്‍ വക്താവ് സമൂഹമാധ്യമത്തില്‍ അറിയിച്ചു. പടിഞ്ഞാറു ഭാഗത്തുള്ള ഷെബര്‍ഗാനും കിഴക്കുള്ള കുണ്ടൂസും തലോഖാനും താലിബാന്‍ പിടിച്ചിരുന്നു. വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന നഗരമാണ് മസര്‍ ഇ ഷെരീഫ്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്മാറിയതിനെ തുടര്‍ന്ന് ഭരണം പിടിച്ചെടുക്കാനായി താലിബാന്‍ കനത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി നഗരങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വീഴുമെന്നും താലിബാന്‍ അധികാരത്തിലെത്തുമെന്നുമാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.