റംസാൻ വ്രതാനുഷ്ഠാനം ആരംഭിക്കുമ്പോൾ, ജീവിതശൈലിയിൽ പെട്ടെന്നുള്ള മാറ്റം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഇക്കാലത്ത് ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങളും ഭക്ഷണശീലങ്ങളും നോക്കാം.
ചിലർ മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നിട്ട് നോമ്പ് തുറക്കുമ്പോള്‍ കഴിയുന്നത്ര ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. അത് ആരോഗ്യത്തെ ബാധിക്കും. നോമ്പ് തുറക്കുമ്പോൾ ആദ്യം മിതമായ ഭക്ഷണം കഴിക്കുക. കുറച്ചു കഴിഞ്ഞാൽ നന്നായി കഴിക്കാം.
നോമ്പ് തുറക്കുമ്പോൾ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. നോമ്പിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യുമെന്നത് ശാസ്ത്രീയ സത്യമാണ്. ഈന്തപ്പഴം ശരീരം വേഗത്തിൽ ആഗിരണം ചെയ്യുന്നതിനാൽ, വിശപ്പ് പെട്ടെന്ന് കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. കൂടാതെ ഇതിലെ പൊട്ടാസ്യം ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു.
നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, പഴങ്ങള്‍ എന്നിവ കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽ തന്നെ കഴിക്കാന്‍ ശ്രമിക്കണം. എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലതാണ്.
അത്താഴത്തിന് തലേദിവസം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പഴകിയ ഭക്ഷണം അനാരോഗ്യം മാത്രമല്ല പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. നോമ്പുതുറ മുതൽ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക.
ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ നോമ്പുകാലത്ത് ഇത് നിർത്തരുത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.