ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല അറിയിച്ചു. മാർച്ച് 26 ന് പൂനെയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായാണ് കണക്കാക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. സമീപകാലത്ത് ഒകിനാവയ്ക്കും പ്യുവർ ഇവിക്കും ശേഷം തിരിച്ചുവിളിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി ആണ് സ്‌കൂട്ടറുകൾ തിരിച്ചുവിളിക്കുന്നത്. പരാതി വന്ന ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ ഡയഗ്നോസ്റ്റിക്, സുരക്ഷാ പരിശോധനയും നടത്തുമെന്നും അതിനാൽ 1441 സ്കൂട്ടറുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഞങ്ങളുടെ സേവന എഞ്ചിനീയർമാർ സ്‌കൂട്ടറുകൾ പരിശോധിക്കും. എല്ലാ ബാറ്ററി സിസ്റ്റങ്ങളുടെയും തെർമൽ സിസ്റ്റങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും സമഗ്രമായ പരിശോധന നടത്തും. യൂറോപ്യൻ സ്റ്റാൻഡേർഡ് ഇസിഇ 136 അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ ബാറ്ററി സിസ്റ്റം എഐഎസ് 156 നിലവാരത്തിൽ പരീക്ഷിച്ചതായി ഒല ഇലക്ട്രിക് അറിയിച്ചു. രാജ്യത്തെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനങ്ങൾ നിർമിക്കുന്നതെന്ന് കമ്പനി പറയുന്നു.
നേരത്തെ, മറ്റൊരു ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒകിനാവ ഓട്ടോടെക് – 3,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചിരുന്നു. PureEV യും 2,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. വാഹനങ്ങൾ കത്തിനശിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും കമ്പനികൾ അശ്രദ്ധ കാട്ടിയാൽ പിഴ ഈടാക്കുമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, ശനിയാഴ്ച ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കിടപ്പുമുറിയിൽ തീപിടിച്ച് പുതിയ ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40 കാരനായ ഒരാൾ മരിച്ചു. ഇയാളുടെ ഭാര്യക്ക് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നു. രണ്ട് കുട്ടികൾക്കും സംഭവത്തിൽ പരിക്കേറ്റു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









