കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങുമെന്ന് റെസിഡൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസകളാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. കൊവിഡ് സംബന്ധമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതൽ തന്നെ എടുത്തുകളയുന്നതായി നേരത്തെ ചേർന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രവാസികൾക്ക് ഫാമിലി വിസകൾ ലഭിക്കുന്നതിനായി കുവൈത്ത് റസിഡൻസ് അഫയേഴ്സ് വകുപ്പിനെ സമീപിക്കാനാവും. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കണം. ഇവയ്ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുകയെന്ന് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.