വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ (NRI/OCI) നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കള്‍ക്കോ കുടുംബത്തിനോ പണം അയക്കുന്നത് വളരെ സാധാരണമായ കാര്യമാണ്.
എന്നാല്‍ കൃത്യമായ രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത്തരം സാധാരണ പണമിടപാടുകള്‍ പോലും വലിയ നിയമക്കുരുക്കുകളില്‍ ചെന്ന് ചാടിച്ചേക്കാം. ഒരു പ്രവാസി ഇന്ത്യാക്കാരൻ തന്റെ മാതാപിതാക്കള്‍ക്ക് 11 ലക്ഷം രൂപ അയച്ചതിനെത്തുടർന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുകയും, നീണ്ട 6 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ആ നോട്ടീസ് റദ്ദാക്കാൻ സാധിച്ചതുമെന്ന ഒരു വാർത്ത ടാക്സ് അഡ്വൈസറി പ്ലാറ്റ്‌ഫോമായ ‘ടാക്സ് ബഡ്ഡി’ അടുത്തിടെ പങ്കുവെക്കുകയുണ്ടായി.
സ്വന്തം കുടുംബത്തിലേക്ക് അയക്കുന്ന പണത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലെങ്കിലും, പണത്തിന്റെ സ്രോതസ്സ് തെളിയിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ എൻആർഐകളും ഒസിഐകളും അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങള്‍ താഴെ വിശദീകരിക്കുന്നു.
എൻആർഐ, ഒസിഐ വ്യത്യാസം എന്താണ്?
പണമിടപാടുകളിലേക്ക് കടക്കും മുൻപ് സ്വന്തം റെസിഡൻഷ്യല്‍ പദവി കൃത്യമായി മനസ്സിലാക്കണം. കാരണം ബാങ്കിംഗ്, നിക്ഷേപ നിയമങ്ങള്‍ ഇതിനനുസരിച്ചാണ് മാറുന്നത്.
എൻആർഐ(Non-Resident Indian): ഒരു സാമ്പത്തിക വർഷത്തില്‍ കുറഞ്ഞത് 183 ദിവസമെങ്കിലും ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനാണിത്.
ഒസിഐ(Overseas Citizen of India): ഇന്ത്യൻ പാരമ്പര്യമുള്ള വിദേശ പൗരന്മാർക്ക് ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും നല്‍കുന്ന ആജീവനാന്ത വിസ ആനുകൂല്യമാണിത്. മുൻപുണ്ടായിരുന്ന പിഐഒ സ്കീം ഇപ്പോള്‍ ഒസിഐയില്‍ ലയിപ്പിച്ചിരിക്കുകയാണ്.
ബന്ധുക്കള്‍ക്ക് നല്‍കുന്ന പണത്തിന് നികുതിയുണ്ടോ?
ഇന്ത്യയിലെ ആദായനികുതി നിയമപ്രകാരം ഒരു എൻആർഐ തന്റെ അടുത്ത ബന്ധുക്കള്‍ക്ക് (അച്ഛൻ, അമ്മ, ഭാര്യ/ഭർത്താവ്, മക്കള്‍, സഹോദരങ്ങള്‍) അയക്കുന്ന പണത്തെ ‘സമ്മാനം’ ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് യാതൊരു വിധത്തിലുള്ള നികുതിയും നല്‍കേണ്ടതില്ല. ഇതിന് കൃത്യമായ ഒരു ഉയർന്ന പരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ബന്ധുക്കള്‍ അല്ലാത്ത സുഹൃത്തുക്കള്‍ക്കോ മറ്റോ ആണ് പണം അയക്കുന്നതെങ്കില്‍ നിയമം മാറും. ഒരു സാമ്പത്തിക വർഷം ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക 50,000 രൂപയില്‍ കൂടുതലായാല്‍, ആ തുക മുഴുവനായും പണം കൈപ്പറ്റുന്ന ആളുടെ വരുമാനമായി കണക്കാക്കി നികുതി ഈടാക്കുന്നതാണ്.
പണം അയക്കുന്നതിന് പരിധിയുണ്ടോ?
അംഗീകൃത ബാങ്കിംഗ് ചാനലുകള്‍ വഴി ഇന്ത്യയിലേക്ക് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പണം അയക്കുന്നതിന് റിസർവ് ബാങ്ക് പ്രത്യേക ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. കുടുംബത്തിന്റെ ചിലവുകള്‍, വിദ്യാഭ്യാസം, ചികിത്സ, സമ്പാദ്യം, നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി പ്രവാസികള്‍ക്ക് പണം അയക്കാം. എന്നാല്‍ പണം അയക്കുന്ന വിദേശ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങള്‍ പ്രകാരം ഉയർന്ന തുകകള്‍ അയക്കുമ്പോള്‍ അവിടെ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടി വന്നേക്കാം.
‘ഫെമ’ നിയമങ്ങളും അക്കൗണ്ടുകളും ശ്രദ്ധിക്കുക
ഇന്ത്യയിലേക്കുള്ള എല്ലാ വിദേശ പണമിടപാടുകളും ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (FEMA) പ്രകാരമാണ് നടക്കുന്നത്. അതിനാല്‍ പണം അയക്കുമ്പോള്‍ കൃത്യമായ ‘പർപ്പസ് കോഡ്’ രേഖപ്പെടുത്തണം. അതായത് പണം എന്ത് ആവശ്യത്തിനാണ് (കുടുംബ ചിലവ്, എൻആർഇ നിക്ഷേപം, വസ്തു വാങ്ങല്‍) അയക്കുന്നത് എന്ന് ബാങ്കിനെ അറിയിക്കണം. കോഡ് തെറ്റിയാല്‍ ബാങ്കുകള്‍ പണം തടഞ്ഞുവെക്കാൻ സാധ്യതയുണ്ട്. പ്രവാസികള്‍ പ്രധാനമായും മൂന്ന് തരം അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്.
NRE അക്കൗണ്ട്: വിദേശത്തെ സമ്പാദ്യം നിക്ഷേപിക്കാൻ. ഇതിലെ പലിശയ്ക്ക് ഇന്ത്യയില്‍ നികുതിയില്ല.
NRO അക്കൗണ്ട്: ഇന്ത്യയിലെ വരുമാനം (വാടക, പെൻഷൻ) നിക്ഷേപിക്കാൻ. ഇതിലെ പലിശയ്ക്ക് നികുതി നല്‍കണം.
FCNR അക്കൗണ്ട്: വിദേശ കറൻസിയില്‍ തന്നെ നിക്ഷേപം സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.
രേഖകള്‍ സൂക്ഷിക്കുക; ക്യാഷ് ഇടപാടുകള്‍ ഒഴിവാക്കുക
ആദായനികുതി നിയമത്തിലെ സെക്ഷൻ 269ST പ്രകാരം 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക നേരിട്ട് ക്യാഷ് ആയി വാങ്ങുന്നത് വലിയ പിഴ ഈടാക്കാവുന്ന കുറ്റമാണ്. അതിനാല്‍ വലിയ തുകകള്‍ എപ്പോഴും ബാങ്ക് വഴി മാത്രം കൈമാറുക. പണം അയച്ച ബാങ്ക് രേഖകള്‍, വിദേശത്തെ നിങ്ങളുടെ വരുമാന സർട്ടിഫിക്കറ്റ്, പണം സ്വീകരിച്ച ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവ എപ്പോഴും സൂക്ഷിച്ചു വെക്കുക. ഭാവിയില്‍ നികുതി നോട്ടീസ് വന്നാല്‍ സ്വയം പ്രതിരോധിക്കാൻ ഈ രേഖകള്‍ മാത്രമാണ് സഹായിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










