ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ വിലക്കി ,കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്. തീർത്തും മോശമായ രീതിയിലാണ് ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും, ഇത് പ്രശ്നം കൂടുതൽ വഷളാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഡിജിസിഎ അറിയിച്ചു.
മേയ് ഏഴിനാണ് റാഞ്ചി വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. കുട്ടി പരിഭ്രാന്തിയിലായതിനാൽ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇൻഡിഗോയുടെ നിലപാട്. കുടുംബവും മറ്റു യാത്രക്കാരും എതിർത്തപ്പോൾ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. സംഭവം വിവാദമായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇതിൽ ഇടപെട്ടിരുന്നു. ജീവനക്കാരിൽനിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിസിഎ ഇൻഡിഗോയോട് നിർദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ എയർലൈൻസ് ജീവനക്കാരുടെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ റോണോജോയ് ദത്ത രംഗത്തെത്തി. കുട്ടിക്കായി ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.