കോഴിക്കോട്: അവശ്യ മരുന്നുകള്‍ ഡ്രോണ്‍ വഴി വീട്ടിലെത്തുന്ന പുതിയ ആശയത്തിന് കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ് ആശുപത്രിയും സ്കൈ എയര്‍ മൊബിലിറ്റിയും.രോഗനിര്‍ണയ സാമ്പിളുകളുടെയും മരുന്നുകളുടെയും വിതരണം ഡ്രോണ്‍ വഴിയാക്കാനുള്ള പരീക്ഷണത്തിനാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കല്‍ ലാബ് സാമ്ബിളുകളും ഡ്രോണ്‍ വഴിയെത്തിച്ച് പരീക്ഷണപ്പറത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.സ്കൈ എയറിന്റെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും തുടക്കത്തില്‍ കോഴിക്കോടായിരിക്കും ഡെലിവറി ചെയ്യുക. വൈകാതെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും. സ്കൈ എയറിന്റെ നൂതന ഉത്പന്നമായ സ്കൈ ഷിപ്പ് വണ്‍ ഡ്രോണ്‍ ആണ് ഉപയോഗിക്കുന്നത്. താപനില നിയന്ത്രിതമായ പേലോഡ് ബോക്സുകളില്‍ മരുന്നും ഡയഗ്നോസ്റ്റിക് സാമ്പിളും വയ്ക്കും. ഈ പേലോഡ് ബോക്സ് ഡ്രോണില്‍ ഘടിപ്പിക്കുകയും മുന്‍കൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുകയെന്ന് ആസ്റ്റര്‍ കേരള -ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.