മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടർന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിക്ക് ജാമ്യം. അറസ്റ്റിലായി 28 ദിവസങ്ങള്‍ക്കുശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. റിയയ്ക്കൊപ്പം സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡെ, ദീപേഷ് സാവന്ത് എന്നിവർക്കും ജാമ്യം ലഭിച്ചു. അതേസമയം, അറസ്റ്റിലായ റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കർശന വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്.
അടുത്ത 10 ദിവസം റിയ പോലിസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിടരുത്. മുംബൈ വിടാൻ പോലീസിന്റെ അനുമതി വാങ്ങുന്നതും ജാമ്യ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. സെപ്റ്റംബർ നാലിന് അറസ്റ്റിലായ ഷോവിക്കിനെ സെപ്റ്റംബർ 8 ന് നവി മുംബൈ തലോജ ജയിലിലും റിയ ബൈകുള ജയിലിലും പാർപ്പിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈമാസം 20 വരെ നീട്ടിയിരുന്നു.
കോടതി ഉത്തരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ആത്യന്തികമായി സത്യവും നീതിയും വിജയിക്കുകയും വസ്തുതകള്‍ ജഡ്ജിയായ ജസ്റ്റിസ് സാരംഗ് വി കോട്വാള് അംഗീകരിക്കുകയും ചെയ്തു- റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന് സതീഷ് മനേഷിന്ദെ പറഞ്ഞു. അതിനിടെ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറിപ്പടി തയ്യാറാക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച് തങ്ങള്‍ക്കെതിരേ റിയ നല്കിയ പരാതി റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് സുശാന്ത് സിങ്ങിന്റെ സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
അപേക്ഷ 13 ന് കോടതി പരിഗണിക്കും. സുശാന്ത് മുംബൈയിലായിരുന്നപ്പോൾ ദില്ലിയിലെ ലോഹിയ ആശുപത്രിയിലെ ഡോക്ടർ മുഖേന കുറിപ്പടി നൽകിയതിന് സഹോദരി പ്രിയങ്ക രാം മനോഹറിനെതിരെ റിയ ബാന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നു. രോഗിയെ കാണാതെ തന്നെ, മാനസിക ചികിത്സ നിർദ്ദേശിച്ചുവെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.