കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊമ്പതുകാരി പിടിയിൽ. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷഹലയാണ് അറസ്റ്റിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത 1884 ഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഞായറാഴ്ച രാത്രി പത്തരയോടെ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലാണ് യുവതി കരിപ്പൂരിൽ എത്തിയത്. കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപെട്ട യുവതി 11 മണിയോടെ വീമാനത്താവളത്തിന് പുറത്തെത്തി. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
പോലീസ് ചോദ്യം ചെയ്യലിൽ യുവതി സ്വർണം കടത്തിയതായി സമ്മതിച്ചിരുന്നില്ല. ലഗേജുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ ദേഹ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകൾ അടിവസ്ത്രത്തോട് തുന്നിച്ചേർത്ത നിലയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.