ഇനി വരാനിരിക്കുന്നത് മധ്യ വേനലാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കഴിക്കേണ്ടത് പഴങ്ങളാണ്. പോഷകങ്ങളുടെ കലവറയായതിനാൽ പഴങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ പഴങ്ങൾ കൃഷി ചെയ്യുമ്പോഴും വിപണനം നടത്തുമ്പോഴും പല കീടനാശിനികളും പ്രയോഗിക്കാറുണ്ട്. ഇത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവെക്കുന്നു. അതുകൊണ്ട് പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക. പഴങ്ങൾ കഴിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന് നോക്കാം.
പഴങ്ങൾ കഴിക്കുന്നതിനുമുമ്പ് ശുദ്ധജലത്തിലും അതുപോലെ ഉപ്പുവെള്ളത്തിലും കഴുകുന്നത് വഴി 75-80 ശതമാനത്തോളം വിഷാംശം നീക്കം ചെയ്യപ്പെടും. ആപ്പിൾ, മുന്തിരി, പേരക്ക തുടങ്ങിയ പഴങ്ങൾ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കഴുകണം. രണ്ടു സ്പൂണ്‍ ഉപ്പ് നാല് കപ്പ് വെള്ളത്തിലിട്ട് 30 മിനിട്ട് പഴവര്‍ഗങ്ങള്‍ മുക്കിവെച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. പഴങ്ങൾ വിനാഗിരിയിൽ കുതിർക്കുന്നതും വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ വെള്ളത്തിൽ ഒരു സ്പൂൺ ബേക്കിംഗ് സോഡ ഉപയോഗിച്ച് പഴങ്ങൾ കഴുകുന്നതിലൂടെ, 96 ശതമാനം വിഷവസ്തുക്കളും നീക്കം ചെയ്യാവുന്നതാണ്.
ഒരു സ്‌പ്രേ ബോട്ടിലിൽ ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂണ്‍ നാരങ്ങാനീരും രണ്ട് സ്പൂൺ വൈറ്റ് വിനാഗിരിയും ചേർത്ത് പഴവര്‍ഗങ്ങളിലേക്ക് ശക്തിയായി സ്‌പ്രേ ചെയ്യുന്നതും ഗുണം ചെയ്യും. ഈ രീതിയിൽ സ്പ്രേ ചെയ്യാൻ ഗ്ലാസ് സ്പ്രേ ബോട്ടിലുകൾ ഉപയോഗിക്കുന്നത് ഉറപ്പാക്കുക. എന്നിട്ട് തണുത്ത വെള്ളം കൊണ്ട് നന്നായി കഴുകുക. പഴങ്ങളും പച്ചക്കറികളും നേരത്തെ കഴുകി വെയ്‌ക്കുന്നതിനേക്കാളും ഉപയോഗിക്കുന്നതിന് മുന്‍പ് കഴുകുന്നതാണ് നല്ലത്. പഴങ്ങളിൽ നിന്നും മറ്റും സ്റ്റിക്കർ നീക്കം ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







