കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ സ്റ്റേജ് കാർപെറ്റിൽ തട്ടി തെന്നിവീണ് മത്സരാർഥിക്ക് പരിക്ക്. പെരുമ്പാവൂർ ഹയർസെക്കൻഡറി സ്കൂളിലെ സുഫിയാനാണ് പരിക്കേറ്റത്. കോൽക്കളി കളിച്ചുകൊണ്ടിരിക്കെ വേദിയിലെ മാറ്റ് മാറിയാണ് അപകടം. വിദ്യാർത്ഥിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈസ്കൂള്‍ വിഭാഗം കോല്‍ക്കളിക്കിടെ കോഴിക്കോട് ബീച്ചിലെ ഗുജറാത്തി ഹാളിലെ ബേപ്പൂർ സ്റ്റേജിലാണ് സംഭവം. തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവച്ചു.
മത്സരാർഥിയുടെ കൈക്കും കാലിനും പരിക്കേറ്റു. വേദിയിലെ പരവതാനി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധ്യാപകരും വിദ്യാർഥികളും അധികൃതരെ സമീപിച്ചെങ്കിലും ശ്രദ്ധിച്ചില്ലെന്ന് കലോത്സവം കാണാനെത്തിയവർ പറയുന്നത്. മത്സരം നടക്കുമ്പോൾ തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, സ്റ്റിക്കർ ഉപയോഗിച്ച് മാറ്റ് ഒട്ടിച്ച് ബലപ്പെടുത്തിയ ശേഷം മത്സരം ആരംഭിക്കുകയായിരുന്നു. മുൻ കലോത്സവ വേദികളും കോൽക്കളിക്ക് മാറ്റ് വിരിച്ചത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ അധ്യാപകരും വിദ്യാർഥികളും കാണികളും പ്രതിഷേധവുമായി രംഗത്തെത്തി.
ഇതോടെ പ്രശ്നം പരിഹരിക്കാതെ വേദിയിൽ കയറില്ലെന്ന് ടീമുകൾ നിലപാടെടുത്തു. മത്സരം ആദ്യം മുതൽ നടത്തണമെന്ന ആവശ്യവും ചില ടീമുകൾ ഉന്നയിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.