നിലമ്പൂർ: കൈപ്പിനി അമ്പലപ്പൊയിൽ, ചാലിയാർ മൊടവണ്ണ പുല്ലിക്കുത്ത് മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. അമ്പലപ്പൊയിലിൽ വെള്ളാപ്പള്ളിൽ സന്തോഷ് കുമാറിന്റെ കൃഷിയിടത്തിലെ 80-ലധികം കുലച്ച വാഴകളും 30 റബ്ബർത്തൈകളുമാണ് ശനിയാഴ്ച രാവിലെ കാട്ടാനകൾ നശിച്ചത്.
15 ദിവസം കഴിഞ്ഞാൽ നേന്ത്രവാഴക്കൃഷി വിളവെടുപ്പിന് പാകമാവുമായിരുന്നു. റബ്ബർ തൈകൾക്ക് ഒരു വർഷം പ്രായമുണ്ട്. 45,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 60 വർഷത്തിലേറെയായി ആളുകൾ താമസിക്കുന്ന ഇവിടെ കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂവെന്ന് സന്തോഷ് കുമാർ പറഞ്ഞു.
വള്ളുവശ്ശേരി വനമേഖലയിൽ നിന്ന് ചാലിയാർപ്പുഴ കടന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തുന്നത്. റബ്ബർത്തൈകൾ, നെല്ല്, തെങ്ങുകൾ, കവുങ്ങുകൾ, വാഴകൾ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് ഗാർഡുകൾ ഫാമിലെത്തി കൃഷിനാശം വിലയിരുത്തി.
മൊടവണ്ണ പുല്ലിക്കുത്ത് ഭാഗത്ത് കാർഷിക കർമസേനാഗംങ്ങളായ സുബ്രഹ്മണ്യൻ മുല്ലേരി, സുധീഷ് മുല്ലേരി, രാജപ്പൻ കണ്ണൻകുന്നേൽ, സാബു പൈയപ്പള്ളി എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത എട്ട് ഏക്കർ സ്ഥലത്തെ നെൽകൃഷിയിലാണ് നാശം വിതച്ചത്. പുലർച്ചെ 1.45ഓടെ മണ്ണുപാടം ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്താണ് ഒറ്റയാൻ പാടശേഖരത്തിലെത്തിയത്.
20 ദിവസം കൊണ്ട് വിളവെടുക്കാവുന്ന നെല്ലാണ് നശിച്ചത്. ചാലിയാർ പഞ്ചായത്തിലെ മൊടവണ്ണ, വെണ്ണേക്കോട്, പണപ്പൊയിൽ, അത്തിക്കാട്, മണ്ണുപ്പാടം, മൈലാടി, മൈലാടിപ്പൊട്ടി, വൈലാശ്ശേരി, അന്നുണ്ട, പെരുമ്പത്തൂർ മേഖലകളും കാട്ടാനഭീഷണിയിലാണ്.
ശല്യം രൂക്ഷമായാൽ കൃഷി നഷ്ടപ്പെട്ട ചാലിയാർ പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ രാപ്പകൽ സമരം നടത്തുമെന്ന് കർഷകരായ രാധാകൃഷ്ണൻ തളിയിങ്ങൽ, അയ്യപ്പൻ ആലങ്ങാടൻ എന്നിവർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









