കൊടിയത്തൂർ: കഴുത്തൂട്ടിപുറായി ഗവ.എൽപി സ്കൂളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തൂപ്പുകാരി (പി ടി സി എം ) തസ്തികയിൽ നിയമനം നടത്താത്തതിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി രക്ഷിതാക്കൾ. പ്രീ പ്രൈമറി വിഭാഗമുൾപ്പെടെ നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളുടെയും പിഞ്ചുകുട്ടികളുടെ ആരോഗ്യപരിപാലനത്തിന്റെയും ചുമതലക്കാരില്ലാതെയാണ് കഴിഞ്ഞ അധ്യയന വർഷം കടന്നുപോയത്.
കഴിഞ്ഞ മാർച്ചിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ പിടിസിഎം നിയമനം നൽകിയെങ്കിലും ഈ സ്കൂൾ അവഗണനയിലായി. അവധി ദിവസങ്ങളിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വേനലവധിക്കാലത്ത് ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച ക്ലാസ് മുറികളുടെ നിർമാണം കാരണം സ്കൂൾ പരിസരം പൊടിപടലം നിറഞ്ഞിരിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ശുചീകരണത്തിന് സ്ഥിരം സംവിധാനമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ് ഈ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
ഈ ഘട്ടത്തിലാണ് പിടിഎ-എസ്എംസി-മാതൃസമിതി സംയുക്തയോഗം ചേർന്ന് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. ശുചീകരണ ജീവനക്കാരുടെ നിയമനം അടിയന്തരമായി നടത്തിയില്ലെങ്കിൽ പ്രവേശനോത്സവ ദിനത്തിൽ എഇഒ ഓഫീസ് മാർച്ച് ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വിവി നൗഷാദ് , പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ ,പി കെ ശിഹാബ്, എ കെ ഫിർദൗസ്, കെ ഷമിന , എ കെ ഹാരിസ് അഹമ്മദ്, റബീല , സിറാജുന്നീസ, ടി റസിയ, സബിത അമീൻ, സി ശമീർ , കെ എം സാബിറ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസി. സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.