കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശി നംഷിദ് (36) ആണ് എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്ന് 12 ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവും പിടികൂടി. പോലീസ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട്, വയനാട് ജില്ലകളിൽ വിൽക്കുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗൺ, മുക്കം, ബാലുശ്ശേരി, വയനാട് എന്നിവിടങ്ങളിൽ രാത്രി കാറിലും ബൈക്കിലും സഞ്ചരിച്ചാണ് വിൽപന. ഗ്രാമിന് 1000 രൂപയ്ക്കാണ് ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിക്കുന്നത്. 3000 രൂപയ്ക്കാണ് വിൽക്കുന്നത്. പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ താമരശ്ശേരിയിൽ വെച്ച് 7 ഗ്രാം എം.ഡി.എം.എയുമായി പോലീസ് ഇയാളെ പിടികൂടിയിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷവും ഇയാൾ മയക്കുമരുന്ന് വിൽപന തുടർന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.