കോഴിക്കോട് : വീടിന് സമീപത്തെ കല്ലുവെട്ടു ക്വാറി കുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരിയിലാണ് സംഭവം. നെടുമങ്ങാട് സ്വദേശി സുനിൽകുമാറിന്റെ മകൻ കാശിനാഥനാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളിച്ചു മടങ്ങുന്നതിനിടെയാണ് അപകടം. വൈകിയിട്ടും കാശിനാഥൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിൽ വ്യാപക തിരച്ചിൽ നടത്തി.
രാത്രി ഒമ്പത് മണിയോടെയാണ് കാശിനാഥനെ വീടിന് സമീപത്തെ കല്ലുവെട്ടു ക്വാറി കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്. കുഴിക്ക് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.