കോഴിക്കോട്: സംസ്ഥാന വനം വന്യജീവി വകുപ്പ് ആരംഭിക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ അഞ്ചിന്) രാവിലെ 9.30ന് കോഴിക്കോട് പാവണ്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയാകും. എം കെ രാഘവൻ എംപി മുഖ്യാതിഥിയായിരിക്കും. വനനശീകരണത്തിന്റെ ഫലമായി അന്യം നിന്നുപോകുന്ന മാവുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നാട്ടുമാവും തണലും പദ്ധതിക്ക് രൂപം നല്‍കിയത്.
പാതയോരങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ലഭ്യമാകുന്ന ഇടങ്ങളില്‍ നാട്ടുമാവിന്റെ തൈകള്‍ നട്ടുപിടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീ ഗാര്‍ഡുകള്‍ സ്ഥാപിച്ച് മരങ്ങള്‍ സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 14 ജില്ലകളിലായി 17000ത്തോളം നാട്ടുമാവിൻ തൈകളാണ് ഉത്പാദിപ്പിച്ചത്.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി, കോഴിക്കോട് ജില്ലാ കലക്ടര്‍ എ ഗീത, പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ്, അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ആര്‍ അനൂപ്, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. എസ് ദീപ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









