കോഴിക്കോട്: താമരശ്ശേരി പൊലീസ് പരിധിയിലെ പുതുപ്പാടിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി സ്വദേശിയായ പെൺകുട്ടിയെയാണ് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിൽ ഉപേക്ഷിച്ചത്.
കോളേജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ഈ കുട്ടി. ബിരുദ വിദ്യാർഥിനിയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ കുടുംബവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, കുട്ടി വീട്ടില്‍ എത്തിയില്ല എന്ന് വീട്ടുകാര്‍ അറിയിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ കണ്ടെത്തുന്നത്.
താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലാണ് പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









