കോഴിക്കോട് : ഗ്രാസിം മാനേജ്മെന്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന മാവൂരിലെ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം മാറിമാറി വന്ന സർക്കാരുകൾ നിറവേറ്റിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മാവൂരിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സമരസമിതി നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഗ്രാസിം കമ്പനിക്ക് അക്വയർ ചെയ്ത് നൽകിയ ഭൂമി തിരിച്ചു പിടിക്കണം. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള പുതിയ വ്യവസായം മാവൂരിൽ കൊണ്ടുവരാൻ തയ്യാറാവണം. ഈ വിഷയത്തിൽ നിയമസഭക്കകത്തും പുറത്തും പോരാടുമെന്നും, ലക്ഷ്യം കൈവരിക്കുന്നത് വരെ സമരസമിതിയോടൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി പ്രകാശ് ബാബു, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ, കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ മാധവൻ, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ടി.പി മുഹമ്മദ്, ആർ.എം.പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കുമാരൻകുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ മൂസ മൗലവി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടം, ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗം ഷൗക്കത്തലി എരോത്ത്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹി അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് സ്വാഗതം പറഞ്ഞു. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.