കോഴിക്കോട് : കോഴിക്കോട് ഫ്ലാറ്റില്‍ തീപിടിത്തം. ഒരു അപ്പാര്‍ട്ട്മെന്റ് കത്തി നശിച്ചു. കോട്ടൂളി സ്കൈലൈൻ ഗാര്‍നറ്റ് ഫ്ലാറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപിടിത്തമുണ്ടായത്. താമസക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ആണ് തീയണച്ചത്. കെ.ടി.ഗോപാലൻനായർ റോഡിലെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്.
ആദ്യം ഫ്രിഡ്ജിന് തീപിടിച്ച് പുക പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അപ്പോൾ ഉടൻ തന്നെ വീട്ടുകാർ പുറത്തിറങ്ങി പോവുകയും പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയുമായിരുന്നു. എന്തോ കത്തുന്ന മണം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഉണർന്നതെന്ന് വീട്ടുകാരൻ പറയുന്നു. അടുക്കളയിൽ കയറിയപ്പോൾ ഫ്രിഡ്ജിനു മുകളിൽ ഒരു തീഗോളമാണ് കണ്ടത്.
മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ചൂടിൽ വാഷിംഗ് മെഷീന്റെ ഡോറും പൊട്ടിത്തെറിച്ചു. വീട്ടിലെ ഫാനുകൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സിനെ വിളിച്ച് വിവരമറിയിച്ചു. സമയോചിതമായ ഇടപെടൽ മൂലമാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് വീട്ടുകാർ പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.