കോഴിക്കോട്: മലയോരമേഖലയുടെ ഉത്സവമായ ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന് ഇനി അഞ്ച് ദിവസം മാത്രം. രാജ്യാന്തര കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിനൊപ്പം വൻ വിസ്മയത്തിന് തുഷാരഗിരി ഒരുങ്ങി. ഓഗസ്റ്റ് 4, 5, 6 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ എല്ലാവരുടെയും പിന്തുണയും സാന്നിധ്യവും ഉണ്ടാകണമെന്ന് ലിന്റോ ജോസഫ് എംഎൽഎ അഭ്യർത്ഥിച്ചു. മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് നാലിന് രാവിലെ 10ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ മലബാർ റിവർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പ്രധാന മത്സരങ്ങൾ പുലിക്കയത്ത് നടക്കും. ടൂറിസം വകുപ്പ്, ജില്ലാ പഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകൾ, ഡിടിപിസി, സ്പോൺസർ എന്നിവരുടെ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്ബ്യൻഷിപ്പിന് മുന്നോടിയായുള്ള പരിപാടികള്‍ ആരംഭിച്ചു. മഡ് ഫുട്ബോൾ ടൂർണമെന്റും ക്രോസ് കൺട്രി മത്സരവും നടത്തി. ഇന്ന് (ജൂലൈ 30) കോഴിക്കോട്, കല്‍പ്പറ്റ, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് പുലിക്കയത്തേക്ക് സൈക്ലിങ് ടൂറും കോടഞ്ചേരിയില്‍ ട്രിലത്തോണ്‍ മത്സരവും നടക്കും. തുഷാരഗിരിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് സ്ത്രീകളുടെ മഴ നടത്തവും ഉണ്ടാകും.
ജൂലൈ 31 മുതല്‍ ആഗസ്റ്റ് 6 വരെ ചിത്രകാരൻ കെ ആര് ബാബുവിന്റെ നേതൃത്വത്തില്‍ തിരുവമ്ബാടി തമ്ബലമണ്ണയില് ചിത്രപ്രദര്‍ശനവും നടക്കും. ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടം പറത്തല്‍ മത്സരവും ഉണ്ടാവും. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സില്‍, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുമായി ചേര്‍ന്ന് ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിങ്ങ് മത്സരങ്ങള്‍ നടത്തുന്നത്.
ആഗസ്റ്റ് ആറിന് വൈകുന്നേരം 4.30 ന് ഇലന്തുകടവില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 1.65 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. ഒൻപത് ലക്ഷത്തോളം രൂപയാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുക.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, ജില്ലാപഞ്ചായത്ത് അംഗം ജോസ് ജേക്കബ്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.ടി അഗസ്റ്റിൻ, സാഹസിക ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.