മലപ്പുറം: ഗൾഫ് പ്രവാസികൾ ഈ മാസം 20 മുതൽ സെപ്റ്റംബർ 10 വരെ കേരളത്തിൽ വരാതിരിക്കുന്നതാണ് നല്ലത്. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർധിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് പോലും കൂടുതലാണ്.
ഈ മാസം 20 മുതൽ സെപ്റ്റംബർ 10 വരെ സൗദി അറേബ്യ, യുഎഇ സെക്ടറുകളിലാണ് നിരക്ക് വർധന കൂടുതൽ. സീസണുകളിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം വിസമ്മതിക്കുകയായിരുന്നു.
മധ്യവേനലവധിക്ക് അടച്ചിട്ട യുഎഇയിലെ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. മറ്റിടങ്ങളിൽ സെപ്തംബർ ഒന്നിനും. കുടുംബസമേതം എത്തിയവർ തിരുവോണത്തിന് ശേഷം മടങ്ങേണ്ടിവരും. ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ ജിദ്ദയിലെത്താൻ നാലംഗ കുടുംബത്തിന് ഏകദേശം 1.80 ലക്ഷം രൂപ വേണം. ഒരാൾക്ക് 45,000 രൂപയാണ് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപയാണ്. ദുബായിൽ പോകാൻ ഒന്നര ലക്ഷം രൂപയോളം വരും. ഒരാൾക്ക് 33,000 മുതൽ 35,000 രൂപ വരെയാണ് നിരക്ക്. സാധാരണയായി 10,000 രൂപയ്ക്കുള്ളിൽ ടിക്കറ്റുകൾ ലഭിക്കും. നിലവിൽ വിദേശ വിമാനക്കമ്പനികളിൽ താരതമ്യേന ഉയർന്ന നിരക്കാണ്. ഇവരിൽ ഭൂരിഭാഗവും സെപ്റ്റംബർ 15നകം ഗൾഫിൽ തിരിച്ചെത്തുമെന്നതിനാൽ, ഇതിനുശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കുറയും.
ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് അവകാശവും അധികാരവുമുണ്ടെന്നാണ് കേന്ദ്രത്തിന്റെ മറുപടി.
രാജ്യത്തിന് സ്വന്തമായി വിമാനക്കമ്പനി ഇല്ലാത്തതിനാൽ സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് എയർ ഇന്ത്യ. വിമാനങ്ങളുടെ അഭാവം മൂലം കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകൾ പോലും വെട്ടിക്കുറച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ വിമാനക്കമ്പനികളാണെങ്കിൽ, ചാർട്ടേഡ് വിമാനം പുറപ്പെടുന്ന രാജ്യത്ത് നിന്ന് പ്രത്യേക അനുമതി വാങ്ങണം. കേന്ദ്ര വ്യോമയാന മന്ത്രാലയവും അനുകൂലമാകണം. വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല.
നിരക്ക് ആഗസ്റ്റ് 20ന് ശേഷം
(എയര്‍ ഇന്ത്യ എക്സ്പ്രസ്)
കോഴിക്കോട് – ജിദ്ദ ………………………………… 45,000
കോഴിക്കോട് – ഷാര്‍ജ …………………………… 32,000
കോഴിക്കോട് – അബുദാബി ………………….. 34,000
തിരുവനന്തപുരം – അബുദാബി ……………. 39,000
തിരുവനന്തപുരം – ദോഹ ……………………… 38,800
കൊച്ചി – ദോഹ ……………………………………… 44,000
കൊച്ചി -അബുദാബി …………………………….. 33,000
കണ്ണൂര്‍ – ഷാര്‍ജ ……………………………………… 34,000
കണ്ണൂര്‍ – ദുബായ്…………………………………… 32,800
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







