കോഴിക്കോട്: വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന നടത്തുന്ന സത്യാഗ്രഹ സമരം 100 ദിവസം പിന്നിടുന്നു. തിരുവോണ ദിവസമായ ഇന്ന് കോഴിക്കോട് മെഡി. കോളേജിന് മുന്നിൽ സമരസമിതി പട്ടിണിസമരം നടത്തും. സംവിധായകൻ ജോയ് മാത്യു പ്രതിഷേധത്തിൽ പങ്കെടുക്കും. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർഷിന സമരം ആരംഭിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് കത്രിക കുടുങ്ങിയെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഹർഷിന ആരോപിക്കുന്നു. കേസിൽ കുറ്റക്കാരായ ആരോഗ്യപ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മെഡിക്കൽ നെഗ്‌ലിജൻസ് ആക്ട് പ്രകാരമുള്ള കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
2017ൽ മൂന്നാം പ്രസവത്തിനായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഹർഷിന ബുദ്ധിമുട്ടിലായത്. ആർട്ടറി ഫോഴ്‌സ്‌പ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയാണ് ഹർഷിന അഞ്ച് വർഷത്തോളം ജീവിച്ചത്. മെഡിക്കൽ കോളേജ് അസി. പോലീസ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർക്കാനാണ് പൊലീസ് നീക്കം. കുറ്റക്കാരെ ശിക്ഷിക്കണമെന്നും മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഹർഷിന ഉന്നയിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









