കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുത്തിയ കേസിലെ കുറ്റപത്രം പൊലീസ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും കേസിൽ പ്രതികളാകും.
മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു. മെഡിക്കൽ നെഗ്‌ലിജൻസ് ആക്ട് പ്രകാരമുള്ള കേസ് തുടരാമെന്നായിരുന്നു നിയമോപദേശം. ഗവ. പ്ലീഡറില്‍നിന്നാണ് മെഡിക്കല്‍ കോളജ് എ.സി.പി കെ. സുദര്‍ശന് നിയമോപദേശം ലഭിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലിസിന് നിയമോപദേശം ലഭിച്ചിരുന്നു.
വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ളതാണെന്ന് പോലീസ് കണ്ടെത്തി. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഹർഷിനക്ക് നടത്തിയ എംആർഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. എന്നാൽ, ജില്ലാ മെഡിക്കൽ ബോർഡ് യോഗം ചേർന്നപ്പോൾ പൊലീസ് വാദം ഡോക്ടർമാർ തള്ളി. എംആർഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു നിഗമനത്തിലെത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ വാദിച്ചു.
അതിനിടെ, മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ആരോഗ്യമന്ത്രി നിയമസഭയിൽ തള്ളി. അതിനിടെ, കേസിൽ മെഡിക്കൽ കോളജിനെതിരായ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ.സുദർശൻ സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി.
തുടർന്നാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ളതാണെന്നും പ്രതികൾ അന്ന് ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണെന്നും എസിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









