പന്തീരങ്കാവ്: പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പൊതുപ്രവർത്തകന് മർദനമേറ്റു. നദീസംരക്ഷണ സമിതി കൺവീനർ മണക്കടവ് സ്വദേശി ടി.വി. പ്രമോദ് ദാസിനെ (52) പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഉൾപ്പെടെയുള്ള സംഘം തിങ്കളാഴ്ച വൈകുന്നേരം ആക്രമിച്ചത്.
ചാലിയാറിന് സമീപം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മൂവര്‍ സംഘം ഇവിടെയെത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത പ്രമോദ് ദാസിനെ സംഘം ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ചു. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണ തെക്കേപ്പാടത്ത് അൻഷാദ് (24), ഫാറൂഖ് കോളേജ് ചൂരക്കാട്ടുപറമ്പിലെ ഉമറുൽ ഫാറൂഖ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് സംഘങ്ങളുടെ അക്രമത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മണക്കടവിൽ ലഹരിവിരുദ്ധ ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









