കോഴിക്കോട് : മലപ്പുറം കോഴിക്കോട് ജില്ലയുടെ അതിർത്തിയായ കക്കാടംപൊയിൽ കോനൂർകണ്ടി മരത്തോട് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം കൊക്കയിലേക്ക് ബൈക്ക് വീണ് ഒരാൾ മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയും പഴയകാല ഗോൾകീപ്പറുമായ അബ്ദുൾ സലാമാണ് (46) മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇന്ന് രാവിലെയാണ് ആളുകൾ ഇക്കാര്യം അറിഞ്ഞത്.
ഇന്നലെ രാത്രി റോഡിൽ നിന്ന് താഴേക്ക് വീണ വാഹനത്തിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇയാൾ രാവിലെ കോനൂർകണ്ടി ക്രിസ്ത്യൻ പള്ളിയിലെത്തി വിവരങ്ങൾ അറിയിക്കുമ്പോഴാണ് അപകടവിവരം ജനങ്ങൾ അറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ റോഡിലെ എസ് വളവിൽ അപകടങ്ങളുടെ തുടർക്കഥയാണ്. രണ്ട് ദിവസം മുമ്പ് ഇവിടെ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ നൂറിലധികം അപകടങ്ങളാണ് ഈ കൊടുംവളവിൽ നടന്നത്. രണ്ടു പേർ മരണപ്പെടുകയും ചെയ്തു. വിനോദസഞ്ചാര മേഖലയായ കക്കാടംപോയിലേക്കുള്ള വഴിയിലാണ് ഈ വളവ് സ്ഥിതി ചെയ്യുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. അപകടങ്ങൾ തുടർക്കഥയായ ഈ വളവിൽ സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് വാർഡ് അംഗം ടെസ്സി സണ്ണി പറഞ്ഞു.
മരിച്ച സലാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









