കോഴിക്കോട് കുറ്റ്യാടിയിൽ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്രസംഘം പരിശോധന നടത്തി. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്ത് കള്ളാട് സ്വദേശിയുടെ വീട് സംഘം സന്ദർശിച്ചു. മരിച്ചയാളുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരിച്ചയാൾ പോയിരിക്കാനിടയുള്ള വീടിന് സമീപത്തെ പറമ്പുകളും സന്ദർശിച്ചു.
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് ടീമിലുള്ളത്. മരിച്ചയാളുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫലവൃക്ഷങ്ങളും സംഘം പരിശോധിച്ചു.
സംഘം സമീപത്തെ കുടുംബവീട് സന്ദർശിച്ച് രോഗം പിടിപെടുന്നതിന് മുമ്പ് മരിച്ചയാളുടെ ജോലിയെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചു. ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.