കോഴിക്കോട് : മാലിന്യ മുക്ത കോഴിക്കോട് കാംപയിൻ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അക്ഷരസേനയും. ജില്ലാ ശുചിത്വ മിഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ യോഗം മാലിന്യമുക്ത കേരളം പദ്ധതിയില്‍ പങ്കാളിയാകാൻ തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ലൈബ്രറി തലത്തില്‍ രൂപീകരിച്ച സന്നദ്ധ പ്രവര്‍ത്തന സംഘമാണ് അക്ഷര സേന.
ആദ്യ ഘട്ടമായി ഒക്ടോബര്‍ ഒന്നിന് ലൈബ്രറികളും പരിസരവും ശുചീകരിക്കും. തുടര്‍ന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലും. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ നടക്കുന്ന തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവൻ ഗ്രന്ഥശാലകളും പങ്കെടുക്കും. ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡുകള്‍ ദത്തെടുത്ത് വിവിധ സംഘടനകളുമായി ചേര്‍ന്ന് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ടീം രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തി യൂസര്‍ ഫീ കളക്ഷൻ നൂറ് ശതമാനം ആക്കുന്നതിന് ഹരിത കര്‍മ സേനയെ സഹായിക്കും.
വാര്‍ഡ് തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ ആദരിക്കും. മാലിന്യ നിക്ഷേപ സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിച്ച ശേഷം പൊതുജന സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. ശുചിത്വ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. വനിതാ വേദി, ബാലവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചിത്വ റാലി, ശുചിത്വ ക്വിസ്, ശുചിത്വ ദീപം തെളിയിക്കല്‍ എന്നിവ സംഘടിപ്പിക്കും.
‘മാലിന്യ മുക്ത കാംപയിനില്‍ പങ്കാളികളാകാൻ ജില്ലയിലെ 560 ലൈബ്രറികള്‍ക്കും നിര്‍ദ്ദേശം നല്കി. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം’. എൻ.ഉദയൻ, സെക്രട്ടറി , ജില്ലാ ലൈബ്രറി കൗണ്‍സില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.