മലപ്പുറം: മൂന്നാം സീറ്റിൻ്റെ കാര്യത്തിൽ മുസ്ലിം ലീഗ് കടുത്ത തീരുമാനത്തിനൊരുങ്ങുന്നതായി സൂചന. ആവശ്യമെങ്കിൽ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാൻ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. നാളെ കോൺഗ്രസുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
നാളത്തെ യോഗം പരാജയപ്പെട്ടേക്കുമെന്നാണ് ലീഗ് വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിൻ്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട്ടും മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി സംസ്ഥാന നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ മത്സരത്തിന് തയ്യാറെടുക്കാനാണ് നിർദ്ദേശിക്കുന്നത്.
ലീഗിൻ്റെ മൂന്നാം സീറ്റ് എന്ന ആവശ്യം ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ നിർണായക യോഗം ചേരും. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചകൾ ആണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന യുഡിഎഫ് യോഗം മാറ്റിവച്ചു. യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനയെ തുടർന്നാണ് യോഗം മാറ്റിയത്. മുന്നണിയോഗത്തിന് പകരം ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടക്കും. ലീഗിൻ്റെ മൂന്നാം സീറ്റ് സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.
മൂന്നാം സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം ചേരാമെന്നാണ് ലീഗിൻ്റെ തീരുമാനം. മുസ്ലിം ലീഗിൻ്റെ നിർണായക യോഗം 27ന് ചേരും. ഇതിന് മുമ്പ് സീറ്റ് വിഷയത്തിൽ പ്രഖ്യാപനം നടത്തണമെന്നും ലീഗ് നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഫോണിലൂടെ ചർച്ചകൾ സജീവമായെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







