മുക്കം: വർഷങ്ങളായി കാത്തിരിക്കുന്ന റോഡ് വികസനം സാധ്യമാക്കുന്നതിന് റോഡ് കല്യാണം നടത്തി വെസ്റ്റ് കൊടിയത്തൂർ ഗ്രാമം.
പഞ്ചായത്തിലെ 13,14,16 വാർഡുകളുടെ സംഗമ ദേശമായ വെസ്റ്റ് കൊടിയത്തൂരില്‍ നിന്ന് എരഞ്ഞിമാവ്- മാവൂർ- കോഴിക്കോട് പാതയിലെ ഇടവഴിക്കടവിലേക്ക് എത്തുന്ന 1.2 കിലോമീറ്റർ റോഡിന്റെ വികസനത്തിനായാണ് വെസ്റ്റ് കൊടിയത്തൂർ വികസന സമിതിയുടെ നേതൃത്വത്തില്‍ റോഡ് കല്യാണം സംഘടിപ്പിച്ചത്.
1980ല്‍ നിർമാണം പൂർത്തിയാക്കിയ ശരാശരി മൂന്നര മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡായ വെസ്റ്റ് കൊടിയത്തൂർ- ഇടവഴിക്കടവ് റോഡിന്റെ വികസനത്തിനായി പഞ്ചായത്ത് അംഗം എം.ടി. റിയാസ് ചെയർമാനും വി.സി. രാജൻ കണ്‍വീനറും കെ. അബ്ദുല്ല ഖജൻജിയുമായി വെസ്റ്റ് കൊടിയത്തൂർ വികസന സമിതി എന്ന പേരില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുകയാണ്. ഇന്നലെ വൈകുന്നേരം മൂന്ന് മുതല്‍ എട്ട് വരെ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയില്‍ വച്ച് റോഡ് കല്യാണം എന്ന പേരില്‍ പണംപയറ്റ് നടത്തി.
സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നാട്ടുകാർ ഒന്നാകെ ഒഴുകിയെത്തിയതോടെ റോഡ് കല്യാണം ഗ്രാമത്തിന്റെ ഉത്സവമായി മാറി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂർ, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹ്റ വെള്ളങ്ങോട്ട്, കെ.പി. സുഫിയാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ഷംലൂലത്ത്, കരീം പഴങ്കല്‍ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.