ദോഹ: യെമൻ സ്വദേശിയെ വധിച്ച കേസിൽ ഖത്തർ ക്രിമിനൽ കോടതി വിട്ടയച്ചത് 13 മലയാളികളെ. പ്രതി ചേർത്ത 27 മലയാളികളിൽ ഒന്നു മുതൽ 4 വരെയുള്ള പ്രതികളും കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളിൽ സ്വദേശികളുമായ അഷ്ഫീർ കണ്ണോത്ത്, അനീസ്, റാഷിദ് കുനിയിൽ, ടി.ഷമ്മാസ് എന്നിവർക്ക് വധശിക്ഷയാണ് വിധിച്ചത്. ഇവരിൽ 2 മുതൽ 4 വരെയുള്ള പ്രതികൾ ഒളിവിലാണ്. കണ്ണൂർ, കോഴിക്കോട് ജില്ലക്കാരായ അനൂപ്, ഉസ്മാൻ, ലിനിത്, നൗഷാദ്, റസാൽ, നിഖിൽ, ഡിജിൽ, സാദിഖ്, ഷിഹാബ്, മുനീർ, ചെറിയ മുഹമ്മദ്, ലുക്മാൻ, നിയാസ് എന്നിവരെയാണ് വിട്ടയച്ചത്.
പ്രതികളിൽ ജെയ്സീർ, ഫയാസ്, ഫൈസൽ എന്നിവർക്ക് അഞ്ചു വർഷം തടവും ഹാരിസിനു മൂന്ന് വർഷം തടവും 10,000 റിയാൽ പിഴയും ചുമത്തി. യൂനസ്, യഹിയ, അബ്ദുറസാഖ്, മുരളി, ബസുകുമാർ, കുഞ്ഞുമുഹമ്മദ് എന്നിവർക്ക് 6 മാസവും 3,000 റിയാൽ പിഴയും വീതമാണ് ശിക്ഷ. കഴിഞ്ഞ 28നായിരുന്നു വിധി പ്രഖ്യാപിച്ചത്.
2019 ജൂൺ രണ്ടിനാണു, മുറിയിൽ ഉറങ്ങിക്കിടന്ന യെമൻ സ്വദേശി സലാഹൽ ഖാസിമിയെ (29) സ്വർണവും പണവും തട്ടിയെടുക്കാനായി നാലംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തോടെ റമസാനിലെ 27 –ാം രാവിലാണ് കൊലപാതകം നടത്തിയത്. ദോഹയിലെ സ്വർണ നിർമാണ ശാലയിലെ വിൽപന വിഭാഗം മേധാവിയായിരുന്നു ഖാസിമി. ഒപ്പം ജോലി ചെയ്തിരുന്ന അക്കൗണ്ടന്റ്-കം-സ്റ്റോർ കീപ്പർ ആയിരുന്ന അഷ്ഫീറും സുഹൃത്തുക്കളും ചേർന്നാണ് കൊല നടത്തിയത്. കമ്പനിയിൽ നിന്ന് സ്വർണം കടത്തിയ കേസിൽ അഷ്ഫീറിനെതിരെ മോഷണ കേസും നിലവിലുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









