കൊടിയത്തൂർ: മലയോര ഗ്രാമമായ കൊടിയത്തൂരിലും സമീപ പ്രദേശങ്ങളിലും ലഹരിമരുന്ന് മാഫിയ സജീവമാകുന്നത് ആശങ്കയുയർത്തുന്നു. പന്നിക്കോട്, കോട്ടമുഴി, കൊടിയത്തൂർ പാടം, തെയ്യത്തും കടവ്, കാരക്കുറ്റി, തടായികുന്ന്, പഴംപറമ്ബ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പ്രവർത്തിക്കുന്നത്. ആവശ്യക്കാരെ മൊബൈൽ ഫോണിലൂടെ വിളിച്ച് പകൽസമയത്തും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കൾ ഈ ലോബിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സംഘം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഒഴിഞ്ഞ കെട്ടിടത്തിൽ ക്യാമ്പ് ചെയ്ത് നാട്ടുകാർ എത്തിയതിനെ തുടർന്ന് സ്ഥലം വിട്ടിരുന്നു. പിടിക്കപ്പെടാതിരിക്കാൻ പലയിടത്തും ലഹരി വസ്തുക്കൾ സൂക്ഷിച്ചുവെച്ചാണ് വില്പന നടത്തുന്നത്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരി മാഫിയയുടെ വിളയാട്ടം
കൊടിയത്തൂർ: വിഷുദിനത്തിൻ്റെ തലേന്ന് പന്നിക്കോട് അങ്ങാടിയിൽ മണിക്കൂറുകളോളം മദ്യ-മയക്കുമരുന്ന് മാഫിയ തമ്പടിച്ചപ്പോൾ വൻ ദുരന്തമൊഴിവായത് തലനാരിഴക്ക്.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ ഉച്ചഭാഷിണി ഉപയോഗിച്ച് പന്നിക്കോട് അങ്ങാടിയിൽ പാട്ടും നൃത്തവും ആരംഭിച്ചു. കടയിലേക്ക് പടക്കങ്ങൾ വലിച്ചെറിഞ്ഞു. കടയ്ക്ക് തീപിടിച്ചെങ്കിലും നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അതിനിടെ, കടയുടമയെ വിളിച്ചുവരുത്തിയത് തൊട്ടടുത്ത കടക്കാരാണെന്ന് പറഞ്ഞ് ലഹരിമാഫിയ കടയിലെ ജീവനക്കാരെ മർദിച്ചു. പരിക്കേറ്റ പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവർ ചികിത്സയിലാണ്. മൂന്ന് മണിക്കൂറോളം ലഹരിമാഫിയ അക്രമം അഴിച്ചുവിട്ടിട്ടും പൊലീസ് എത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പൊലീസ് നടപടിയെടുക്കണം
കൊടിയത്തൂർ: വിഷുത്തലേന്ന് പന്നിക്കോട് അങ്ങാടിയില്‍ നടന്ന മദ്യ-മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പുതുക്കുടി മജീദ് ആവശ്യപ്പെട്ടു.
പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവരെ മർദിച്ചവരെ പിടികൂടി ശിക്ഷിക്കണമെന്നും പന്നിക്കോട് അടിയന്തരമായി നൈറ്റ് പട്രോളിങ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.