മുക്കം: മലയോരമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നദികളും കിണറുകളും ഉൾപ്പെടെ നിരവധി ജലസ്രോതസ്സുകൾ വറ്റിവരണ്ടു. ഇത് കുടിവെള്ള പദ്ധതികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ഇത് സാരമായി ബാധിച്ചു. നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാൻ മാത്രമേ ഇത് തികയുന്നുള്ളൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ളം കിട്ടാതെ കൊടിയത്തൂർ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്.
ഇതേത്തുടർന്ന് പുഴയിലെ അനധികൃത തടയണകൾ നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ദേവസ്വംകാട് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് പനമ്പിലാവ് പുഴയിലെ അനധികൃത തടയണകൾ പൊളിച്ചത്.
കൃഷി ആവശ്യങ്ങള്‍ക്കും ഫാമുകളിലേക്കുമുള്ള ജലം ഉപയോഗത്തിനായി പുഴകളില്‍ കെട്ടിയ തടയണകളാണ് പൊളിച്ചു മാറ്റിയത്. കൊടിയത്തൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഊർങ്ങാട്ടിരി പഞ്ചായത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ പുഴകളിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി വലിയ പൈപ്പുകൾ ഉപയോഗിച്ച് വെള്ളമെടുക്കരുതെന്ന് ഉത്തരവിട്ടിരുന്നു.
കൊടിയത്തൂർ പഞ്ചായത്തിലും ഇത്തരമൊരു ഉത്തരവ് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അനധികൃത തടയണകൾ പൊളിച്ചതോടെ നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ വേനൽ കടുത്തു തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുണ്ടെന്നും കുടിവെള്ളത്തിനായി എന്തുചെയ്യണമെന്നറിയില്ലെന്നും നാട്ടുകാർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.