പാഴൂർ: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി പാഴൂരിലെ ഓട്ടോ ഡ്രൈവർ അഷ്റഫ് മാതൃകയായി. കഴിഞ്ഞ ദിവസം രാവിലെ റോഡിൽ നിന്ന് കളഞ്ഞു പോയ എട്ട് പവൻ്റെ സ്വർണമാലയാണ് അഷ്റഫ് ഉടമയ്ക്ക് തിരികെ നൽകിയത്.
മുന്നൂരിൽ നിന്ന് ചിറ്റാരിപിലാക്കലിലേക്ക് ഓട്ടം പോകുമ്പോഴാണ് അഷ്റഫ് 8 പവന്റെ സ്വർണമാല റോഡിൽ കിടക്കുന്നത് ശ്രദ്ധിച്ചത്. ഉടൻ വണ്ടിനിർത്തി സമീപവാസികളെ വിവരമറിയിച്ചു. മാലകളഞ്ഞുകിട്ടിയ വിവരവും ബന്ധപ്പെടേണ്ട നമ്പറും നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം ഷെയർ ചെയ്തു. അഷ്റഫ് നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും വിവരമറിഞ്ഞ് ഉടമസ്ഥരെത്തിയിരുന്നു.
ചിറ്റാരിപിലാക്കൽ പറമ്പിൽ ഹബീബിൻ്റെ ഭാര്യ ജുവൈരിയത്തിൻ്റെതാണ് ഈ സ്വർണാഭരണം. വീട്ടിൽ നിന്ന് അടിവാരത്തെ കല്യാണ വീട്ടിലേക്ക് പോകും വഴിയാണ് മാല നഷ്ടപ്പെട്ടത്. ശ്രദ്ധയിൽപ്പെട്ട ജുവൈരിയത്ത് ഉടൻ മടങ്ങുകയും അഷ്റഫിൽ നിന്ന് മാല സ്വീകരിക്കുകയുമായിരുന്നു. മാല തിരിച്ച് കിട്ടിയ സന്തോഷത്തിൽ അഷ്റഫിന് ഉടമസ്ഥർ പാരിതോഷികം നൽകാനും മറന്നില്ല. രണ്ട് വർഷം മുമ്പ് പാഴൂരിൽ നിന്ന് കളഞ്ഞ് കിട്ടിയിരുന്ന ഭീമമായ തുക ഉടമയ്ക്ക് തിരികെ നൽകി നാടിന് മാതൃകയായിരുന്നു ഈ ഓട്ടോ ഡ്രൈവർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.